എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 7, 2014

' ആര്‍ട്ട് അറ്റാക്ക് ' ലെ ശിവരാമന്‍ - കഥാപാത്ര നിരൂപണം


കല കമ്പോളച്ചരക്കാകുന്ന പുതിയ കാലത്തെ ആവിഷ്കരിച്ചിരിക്കുന്ന ചെറുകഥയാണ് എം. മുകുന്ദന്റെ 'ആര്‍ട്ട് അറ്റാക്ക്'. ഡല്‍ഹി പശ്ചാത്തലമാക്കി രചിച്ച ഈ ചെറുകഥയിലെ നായകകഥാപാത്രമാണ് കെ. എസ്. ശിവരാമന്‍.
നാഷണല്‍ ടൈസ് പത്രത്തിലെ ആര്‍ട്ട് ക്രിട്ടിക്കാണ് ശിവരാമന്‍. കാഴ്ചയില്‍ മധ്യവയസ്കനായ ഇദ്ദേഹത്തിന്റെ ജീവിതവും കുടുംബസാഹചര്യങ്ങളും ദുരിതപൂര്‍ണമാണ്. സന്ധിവാതം വന്ന ഭാര്യയും പ്രായപൂര്‍ത്തിയായ മകളുമാണ് ശിവരാമന് ആകെയുള്ളത്. നഗരത്തില്‍ വന്ന് നാഷണല്‍ ടൈസില്‍ ആര്‍ട്ട് ക്രിട്ടാക്കായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞു എങ്കിലും സ്വന്തമായൊരു വീട്, തലചായ്ക്കാനൊരിടം സ്വന്തമായുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടുതന്നെ അടിക്കടിയുള്ള വീടുമാറ്റം ജീവിതത്തിലെ സാധാരണ സംഭവമായിരുന്നു. നഗരത്തിലെ ജീവിതം അദ്ദേഹത്തെ ഒട്ടും മാറ്റിയിരുന്നില്ല. ശിവരാമന്റെ ബാഹ്യരൂപം ഇതു വ്യക്തമാക്കുന്നുണ്ട്. തുന്നലുവിട്ട് വലുതായ പാന്റിന്റെ കീശ, കീറിയ കോളര്‍, ഓട്ടകള്‍ വീണ സോക്സ്, മടമ്പുകള്‍ തേഞ്ഞ ഷൂസ് ഇവയെല്ലാം അദ്ദേഹത്തിന്റെ ദാരിദ്ര്യത്തെക്കൂടി വെളിവാക്കുന്നുണ്ട്.

ജീവിത പ്രാരാബ്ധങ്ങള്‍ ഏറെ അലട്ടിയിരുന്നുവെങ്കിലും ജീവിതത്തെക്കുറിച്ച് വ്യത്യസ്ഥമായ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തിയിരുന്ന ആളായിരുന്നു ശിവരാമന്‍. മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുവാന്‍ ആഗ്രഹിച്ചിരുന്നതേയില്ല. നഗത്തിലെ തിരക്കുകള്‍ അദ്ദേഹത്തെ ഒട്ടും ബാധിച്ചിരുന്നില്ല. വളരെ ഒതുങ്ങിക്കൂടിയ പ്രകൃതമായിരുന്ന ശിവരാമന്റേത്. ശിവരാമന്‍ 'റോഡിന്റെ വെളിച്ചം കുറഞ്ഞ അരുകിലൂടെ പതുക്കെ വീട്ടിലേയ്ക്കു നടന്നു' എന്ന് കഥാകൃത്ത് നായകനെ അവതരിപ്പിക്കുന്നതില്‍ നിന്നും ഈ സ്വഭാവസവിശേഷതകള്‍ നമുക്ക് കണ്ടെത്താം.
മാസത്തവണകള്‍ മുടങ്ങിയതുകാരണം ഇന്‍സ്റ്റാള്‍മെന്റില്‍ വാങ്ങിയ ഫ്രിഡ്ജ് ഡീലറുടെ ഗുണ്ടകള്‍ വന്ന് എടുത്തുകൊണ്ടുപോയി. അതു നന്നാക്കാന്‍ കൊണ്ടുപോയതാണെന്ന് ലക്ഷ്മി അയല്‍ക്കാരോട് നുണപറഞ്ഞു. ശിവരാമന്‍ ആ നുണപറച്ചിലിനെക്കുറിച്ച് ''നേരു പറഞ്ഞൂടായിരുന്നോ? ഇനിയിപ്പോളെത്ര കളവു പറയേണ്ടി വരും ഈശ്വരാ....'' എന്ന് കുണ്ഠിതപ്പെടുന്നു. തന്റെ ദാരിദ്ര്യത്തെ ഒളിപ്പിക്കാന്‍ കൊച്ചുകൊച്ചുനുണകള്‍ പറയാന്‍പോലും ശിവരാമന്‍ തയ്യാറാവുന്നില്ല. ഈ സംഭവത്തില്‍ നിന്നും അദ്ദേഹത്തിന്റെ സത്യസന്ധതയും ജീവിത കാഴ്ചപ്പാടും നമുക്ക് വ്യക്തമാകുന്നുണ്ട്.
തന്റെ ജോലി നഷ്ടപ്പെടുമ്പോള്‍ കുടുംബത്തിന്റെ ജീവിതാവശ്യങ്ങള്‍ എങ്ങനെ നടക്കുമെന്ന് ശിവരാമന്‍ ചിന്തിക്കുന്നു. ആ ജോലിമാത്രമായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം. നാഷണല്‍ ടൈംസ് പത്രത്തില്‍ ജോലിചെയ്തിരുന്ന മൂന്നു പതിറ്റാണ്ടുകാലം തന്റെ മനസ്സാക്ഷിക്കു നിരക്കാത്ത ഒരുവരിപോലും അദ്ദേഹം എഴുതിയിരുന്നില്ല. ചിത്രങ്ങളെ നിരൂപണം ചെയ്യുന്നതില്‍ സ്വന്തമായ ശൈലി വളര്‍ത്തിയെടുത്തിരുന്ന ശിവരാമന്റെ എഴുത്തിലെ ഈ സത്യസന്ധതയായിരുന്നു കാലനിരൂകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തിക്കുകാരണം. ഒരു പക്ഷേ, അയാളുടെ ദാരിദ്ര്യത്തിനുകാരണവും അതുതന്നയാവാം എന്നു കഥാകൃത്ത് പറയുന്നുണ്ട്. കലയെ കച്ചവടച്ചരക്കാക്കുന്നതിനോട് തികഞ്ഞ വിയോജിപ്പായിരുന്നു ശിവരാമന്. ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത ഇതില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
'ഹേ മനുഷ്യാ, പേനയ്ക്കു ശക്തിവേണമെങ്കില്‍ ഇറച്ചിം മീനും തിന്നണം' എന്ന ഗിരിരാജിന്റെ വാക്കുകള്‍ പരിഹാസമാണോ എന്നു പോലും തിരിച്ചറിയാന്‍ ശിവരാമന് തന്റെ ഹൃദയവിശുദ്ധികൊണ്ട് കഴിയുന്നില്ല. പ്രതികരണശേഷി അദ്ദേഹത്തിന് ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല പുതിയ തലമുറയുടെ പ്രവൃത്തികള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുകയും ചെയ്യുന്നു. ഗിരിരാജ് തന്റെ ലേഖനങ്ങളെ തിരുത്തുമ്പോള്‍ അദ്ദേഹം നിസ്സഹായനായി നോക്കിനില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. അവിടെ അദ്ദേഹത്തിന് പ്രതികരിക്കാന്‍ കഴിയുന്നില്ല. 'അച്ഛനെന്താ ഫോറിനില്‍ പോകാത്തത്' എന്ന് മകള്‍ ആരതി ചോദിക്കുമ്പോള്‍ 'നിന്റച്ഛനൊരു പഴഞ്ചനാ മോളേ' എന്നായിരുന്നു ശിവരാമന്റെ മറുപടി. ഈ വാക്കുകളില്‍ താന്‍ പഴഞ്ചനാണ് എന്ന ധാരണ അദ്ദേഹത്തിനുതന്നയുണ്ട് എന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി കലയെ ചവിട്ടുപടിയാക്കാന്‍ അദ്ദേഹത്തിനു താല്പര്യമില്ല എന്ന വസ്തുതയും ഈ സംഭാഷണത്തില്‍ നിന്ന് നമുക്ക് കണ്ടെത്താം.
പുസ്തകങ്ങളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ശിവരാമന്‍. പത്രത്തില്‍നിന്നും യാത്രപ്പടി ഇനത്തില്‍ക്കിട്ടിയിരുന്ന തുക പുസ്തകങ്ങള്‍ വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. ഗിരിരാജിന്റെ പുതിയ ഫ്ലാറ്റിലെത്തിയ അദ്ദേഹം അവിടെ പുസ്തകങ്ങള്‍ തിരയുകയും കാണാതെ നിരാശനാവുകയും ചെയ്യുന്നുണ്ട്. പഴകിയ പുസ്തകങ്ങളും മാസികകളും പോലും കൈവിട്ടുകളയാന്‍ മനസ്സുണ്ടായിരുന്നില്ല.
മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ശിവരാമന്‍ തയ്യാറായിരുന്നില്ല. പത്രമാഫീസില്‍ പഴയ ടൈപ്പുറൈറ്ററുകളുടെയും ടെലിപ്രിന്ററുകളുടെയും സ്ഥാനം കമ്പ്യൂട്ടറുകള്‍ കൈയ്യടക്കിയെങ്കിലും അദ്ദേഹം തന്റെ പഴയ റമിംഗ്ടണ്‍ ടൈപ്പുറൈറ്റര്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഭാര്യയുടെ സന്ധിവാതത്തിന് ആധുനിക ചികിത്സാരീതികള്‍ തേടാതെ കുഴമ്പും കഷായവും കൊണ്ടുള്ള പഴയ ചികിത്സാരീതിതന്നെ തുടര്‍ന്നുപോന്നു. മറ്റൊരു പത്രത്തിലെ കലാനിരൂപകനായ നരേഷ് മല്‍ഹോത്രയെപ്പോലെ കാലത്തിനനുസരിച്ച് കോലം കെട്ടാനും ശിവരാമന്‍ തയ്യാറില്ലായിരുന്നു. പത്രമാഫീസില്‍ പരിചയമുള്ള പ്രായമായ മുഖങ്ങള്‍ അപ്രത്യക്ഷമാകുന്നതും അവരുടെ സ്ഥാനത്ത് ജീന്‍സിട്ടു നടക്കുന്ന യുവതീയുവാക്കള്‍ വന്നുചേര്‍ന്നതും ശിവരാമനെ തളര്‍ത്തുന്നു. താന്‍ മൂന്നു പതിറ്റാണ്ടായി ലേഖനമെഴുതുന്നത് ഇംഗ്ലീഷിലാണെങ്കിലും പുതിയ തലമുറയുടെ ഇംഗ്ലീഷ്ഭാഷ തനിക്ക് അന്യമാകുന്നത് അദ്ദേഹത്തെ ഭയപ്പെടുത്തുന്നു. ചിത്രപ്രദര്‍ശനത്തക്കുറിച്ചുള്ള തന്റെ ലേഖനത്തിനുപകരം ഫാഷന്‍ ഷോയുടെ റിപ്പോര്‍ട്ട് പത്രത്തില്‍ വന്നപ്പോള്‍ ശിവരാമന്‍ സ്വയം ജോലി ഉപേക്ഷിക്കുന്നു. ആത്മാഭിമാനത്തെ മുറുകെപ്പിടിക്കുന്ന ഒരു യഥാര്‍ത്ഥ കലാസ്നേഹിയെയാണ് നാം ഇവിടെ കാണുന്നത്.
എത്രയൊക്കെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നാലും ജീവിതത്തെ ശുഭപ്രതീക്ഷയോടെ സമീപിക്കാന്‍ ശിവരാമന്‍ ശ്രമിക്കുന്നു. ഭാര്യയോട് 'ലക്ഷ്മീ, എല്ലാ കഷ്ടപ്പാടുകള്‍ക്കും ഒരവസാനമുണ്ട്' എന്നദ്ദേഹം പറയുന്നത് ഇതുകൊണ്ടാണ്. എന്നാല്‍ ലക്ഷ്മി ഇത്തരം ശുഭപ്രതീക്ഷകള്‍ തീരെയില്ലാത്ത ആളായിരുന്നു. അതുകൊണ്ടുതന്നെ 'എപ്പോ ന്റെ കണ്ണടഞ്ഞിട്ട്, ല്ലേ' എന്നാണവരുടെ മറുപടി.
വളരെയേറെ കഷ്ടപ്പാടുകള്‍ ജീവിതത്തില്‍ അനുഭവിക്കുന്നുണ്ടെങ്കിലും ശിവരാമനെ തളരാതെ നിലനിര്‍ത്തുന്നത് യഥാര്‍ത്ഥകലയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ജോലിയോടുള്ള സത്യസന്ധതയുമാണ്. നരേഷ് മല്‍ഹോത്രയെപ്പോലെ ജീവിതത്തില്‍ ആര്‍ഭാടങ്ങളുടെ ചവിട്ടുപടകള്‍ കയറിപ്പോകാനുള്ള ഉപായമായി അദ്ദേഹം തൂലികയെ കണ്ടിരുന്നില്ല. കലാമേന്മയുടെ അടിസ്ഥാനം ജനപ്രീതിയാണെന്നും കരുതിയിരുന്നില്ല. പണവും പ്രശസ്തിയും വിദേശയാത്രയുമൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ കലാനിരൂപണങ്ങളുടെ അടിത്തറ. സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് സ്വയം വളര്‍ത്തിയെടുത്ത ശൈലിയായിരുന്നു അദ്ദേഹം കലാനിരൂപണത്തില്‍ കൈക്കൊണ്ടത്. ശിവരാമന് തന്റെ ഈ നിലപാടുകള്‍ കാരണം ജീവിതത്തില്‍ ഭൗതികമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട യഥാര്‍ത്ഥ കലാസ്നേഹിയുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

ആദര്‍ശ് ബാലചന്ദ്രന്‍
പത്ത് എ.
ഹൈസ്ക്കൂള്‍, കൂത്താട്ടുകുളം

6 comments:

സനോജ് said...

വിദ്യാരംഗം പഴയ ഊര്‍ജ്ജത്തിലേക്ക് വരുന്നതു കാണുമ്പോള്‍ മനസ്സു നിറയുന്നു......

ശ്രീരേഖ said...

ആദര്‍ശിന് അഭിനന്ദനങ്ങള്‍

shamla said...

ആദർശിന്റെ നിരീക്ഷണങ്ങൾ വളരെ നന്നായിട്ടുണ്ട്. കഥാപാത്രത്തിന്റെ വ്യക്തിത്ത്വത്തിലേക്ക് എങ്ങനെ കടന്നു ചെല്ലണമെന്ന് ആദർശിനറിയാം.ഇനിയും എഴുതുക. ഒരു കാര്യം മാത്രം ചൂണ്ടിക്കാണിക്കട്ടെ,
" പ്രതികരണശേഷി അദ്ദേഹത്തിന് ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല പുതിയ തലമുറയുടെ പ്രവൃത്തികള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുകയും ചെയ്യുന്നു. ഗിരിരാജ് തന്റെ ലേഖനങ്ങളെ തിരുത്തുമ്പോള്‍ അദ്ദേഹം നിസ്സഹായനായി നോക്കിനില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. അവിടെ അദ്ദേഹത്തിന് പ്രതികരിക്കാന്‍ കഴിയുന്നില്ല."
ഉടനടി പ്രതികരിക്കുന്നില്ല എന്നത് നേര്. പ്രതികരണശേഷി ശിവരാ മാനിലുള്ളത് കൊണ്ടാണല്ലോ എല്ലാ പ്രാരാബ്ധങ്ങളുടെ ഇടയിലും അയാൾ ജോലി വേണ്ടെന്നു വക്കുന്നത്. നിശബ്ദമെങ്കിലും ശിവരാമന്റെ മാനസികമായ, ശക്തമായ , ആദർശത്തിൽ ഉറച്ചു നില്ക്കുന്ന പ്രതികരണം തന്നെയാണത്.
വിദ്യാരംഗം വീണ്ടും സജീവമാവുന്നതിൽ സന്തോഷം.

ലീമ വി.കെ said...

ആദര്‍ശ്,
വളരെ നന്നായിരിക്കുന്നു.ശിവരാമന്റെ നിശബ്ദമായ പ്രതികരണത്തെക്കുറിച്ചുള്ള
ഷംല ടീച്ചറിന്റെ അഭിപ്രായവും കൊള്ളാം. ഇനിയും എഴുതുക. ആദര്‍ശിനെ പഠിപ്പിച്ച ടീച്ചറിനും അഭിനന്ദനങ്ങള്‍.

സഞ്ജു said...

ആദര്‍ശ്, അഭിനന്ദനങ്ങള്‍

Anonymous said...

നിരൂപണത്തിനും തിരുത്തലുകള്കും നന്ദി ..........