എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 29, 2011

കൊച്ചുമോന്റെ പ്രോഗ്രസ് കാര്‍ഡ് - നര്‍മ്മലേഖനം



മനുഷ്യന്‍ കാര്‍ഡുകളാല്‍ ബന്ധിതനാണെന്ന് പണ്ടേതോ മഹാന്‍ പ്രസ്താവിച്ചതോര്‍ക്കുന്നു. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, പാന്‍ കാര്‍ഡ് ഇത്യാദി നിരവധി കാര്‍ഡുകള്‍ ജീവിതത്തിലെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും നമ്മുടെ അസ്തിത്വമുറപ്പിച്ചങ്ങനെ നിലകൊള്ളുന്നുണ്ട്. പലതരം കാര്‍ഡുകള്‍ ആവിര്‍ഭവിക്കുകയും തിരോഭവിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയില്‍ സമീപകാലത്ത് ഒരു കാര്‍ഡ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ നിന്നും പതിയെ പടിയിറങ്ങിപ്പോയിട്ടുണ്ട്. യെവനാണ് സാക്ഷാല്‍ പ്രോഗ്രസ് കാര്‍ഡ്. ഓരോ ടേമാന്ത്യത്തിലും മാര്‍ക്കറിയിച്ചുകൊണ്ട് അടികൊള്ളിക്കാനായി അവതാരം നടത്തിയിരുന്ന ഈ കാര്‍ഡിന്റെ പിടിയില്‍ നിന്നും നമ്മുടെ കുട്ടികള്‍ സ്വതന്ത്രരായി, പകരം ഉജാലമുക്കിയ മെമ്മറികാര്‍ഡുകളൊക്കെ ചില വിരുതന്‍മാരുടെ കീശകളില്‍ ഇടംപിടിച്ചുതുടങ്ങി.... "കാര്‍ഡാഹിനാ...പരിഗ്രസ്തമാം ലോകവും ആലോലചേതസാ...” എന്ന് ഭാഷേടച്ഛനെപ്പോലെ പാടുക തന്നെ.
ഈയുള്ളവന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചത് ഒരു പ്രോഗ്രസ് കാര്‍ഡാണ്. ഞങ്ങള്‍, പണ്ട് തോപ്രാംകുടി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന കാലത്ത് രണ്ടക്കസംഖ്യ ഞങ്ങളുടെ പ്രോഗ്രസ് കാര്‍ഡില്‍ സാധാരണ ഇടം പിടിച്ചിരുന്നില്ല. തിരുവനന്തപുരത്തുനിന്ന് വല്ലപ്പോഴും വന്നുപോയിക്കൊണ്ടിരുന്ന ക്ലാസ് ടീച്ചര്‍ മാന്യശ്രീ കരുണാകരന്‍സാര്‍ ഈ കാര്‍ഡിന്റെ ക്രയവിക്രയങ്ങളില്‍ അത്ര കാര്‍ക്കശ്യം കാണിക്കാത്ത ഒരു മാന്യ ദേഹമായിരുന്നു. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന ടി. ദേഹം തിരുവനന്തപുരത്ത് ഒരു ജവുളിക്കടയും മറ്റും നടത്തിയിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. എന്തായാലും അപ്പന്റെ ഒപ്പിട്ടു പഠിക്കാനുള്ള ഒരു സാധനമെന്ന നിലയിലെ അന്നതിനെ ഞങ്ങള്‍ കണ്ടിരുന്നുള്ളു. ഏകദേശം എട്ടുമൈല്‍ നടന്ന് തോപ്രാംകുടി സ്കൂളിലേയ്ക്കുള്ള സംഭവബഹുലമായ ദൈനംദിന യാത്രയില്‍ സ്ഥിരം വിശ്രമകേന്ദ്രമായ തവളപ്പാറയില്‍ വച്ചാണ് പ്രോഗ്രസ് കാര്‍ഡ് വിലയിരുത്തലും ഒപ്പിക്കല്‍ കര്‍മ്മവും നിര്‍വ്വഹിക്കാറുള്ളത്. ഞങ്ങളുടെ വാനരസംഘത്തിലെ എറ്റവും ധീരനായ തൊരപ്പന്‍ ടോമിയാണ് ഒപ്പിടല്‍ വിദഗ്ദ്ധന്‍. അദ്ദേഹം തന്റെ സ്വന്തം പിതാവിന്റെ ബീഡിപ്പെട്ടിയില്‍ നിന്നും അപഹരിച്ച തെറുപ്പു്ബീഡി വലിച്ച് ഒന്നു ചുമച്ചുകൊണ്ട് കാര്‍ഡുകളില്‍ തുല്യം ചാര്‍ത്തുന്ന രംഗം വല്ലപ്പോഴുമൊക്കെ ഒരു നൊസ്റ്റാള്‍ജിയ ആയി എന്നില്‍ നിറയാറുണ്ട്.

Sep 28, 2011

പഠനപ്രവര്‍ത്തനങ്ങള്‍ - കായിന്‍പേരില്‍ പൂ മതിക്കുവോര്‍


കണ്ണൂര്‍ ഇലയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ്സിലെ വി.എം.സുരേഷ് മാഷ് എല്ലാ അദ്ധ്യാപകസുഹൃത്തുക്കളെയും വീണ്ടും സഹായിക്കാനായി പത്താംതരം കേരളപാഠാവലിയിലെ നാലാംയൂണിറ്റിലെ ചില പഠനപ്രവര്‍ത്തനങ്ങളുമായി എത്തുകയാണ്. ഈ യൂണിറ്റിലെ ആദ്യരണ്ടുപാഠങ്ങളായ വിണ്ട കാലടികള്‍, ഉതുപ്പാന്റെ കിണര്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സുരേഷ് മാഷിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകത അവ ഐ.സി.റ്റി.സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നതാണ്. പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിന് അനുയോജ്യമായ ഹ്രസ്വചിത്രങ്ങളും അദ്ദേഹംതന്നെ തയ്യാറാക്കുകയോ തേടിപ്പിടിക്കുകയോ ചെയ്തിട്ടുണ്ട്. എന്തായാലും മലയാളഅദ്ധ്യാപക സമൂഹത്തിന് സുരേഷ് മാഷിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ മാതൃകയും വഴികാട്ടിയുമാണ് എന്നതില്‍ സംശയലേശമില്ല. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.



പ്രകൃതിചൂഷണം അവതരിപ്പിക്കുന്ന 'നിലവിളി' ഹ്രസ്വചിത്രം താഴെകൊടുക്കുന്നു.

Sep 26, 2011

അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം ഒന്ന്



അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന‌ യൂണിറ്റ്സമഗ്രാസൂത്രണം നമ്മുടെ ബ്ലോഗില് വന്നതിനുശേഷം യുദ്ധത്തെക്കുറിച്ച് എന്തെങ്കിലുമെഴുതണമെന്ന് ഞാന്‍ കരുതിയിരുന്നു. അതിനുശേഷം സുരേഷ് സാറിന്റെ പഠനപ്രവര്‍ത്തനരേഖ വന്നു. ഗാന്ധാരീവിലാപത്തിലെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള്‍, അനാഥത്വം, നമ്മുടെയൊക്കെ കേഴലിന്റെ സാമൂഹ്യപ്രസക്തി, ഗാന്ധാരി വിലാപത്തിലെ യുദ്ധഭീകരത ഇവയെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ സാര്‍ അതില്‍ സൂചിപ്പിച്ചു. അതിനു ശേഷം 20 മിനിറ്റ് വരുന്ന നല്ല രണ്ട് വീഡിയോ വന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഏറ്റവും പുതിയ യുദ്ധങ്ങള്‍വരെയുള്ള എല്ലാ കാര്യങ്ങളും അതില്‍ കൊള്ളിച്ചിരുന്നു. ഇന്നലെ ഡോ.ഷംലയുടെ 'പട്ടാളക്കാരന്റെ' കഥാപഠനം വന്നു. ദാരിദ്രത്തിന്റെയും യുദ്ധത്തിന്റെയും ഐഡന്‍റിറ്റിയുടെയും നല്ല ഒരു അനാലിസിസ് ആയിരുന്നു ഡോ.ഷംലയുടെ കഥാപഠനം. ഇതില്‍ കൂടുതല്‍ എന്തെഴുതുവാന്‍. എങ്കിലും, ആവര്‍ത്തനമാകാതെ ചില കാര്യങ്ങള്‍ കൂടി ഞാന്‍ എഴുതുന്നു.
ഗാന്ധാരിയുടെ വിലാപം എല്ലാ യുദ്ധത്തിനെതിരെയുമുള്ള ലോകത്തിലെ അമ്മമാരുടേയും ഭാര്യമാരുടേയും എല്ലാ മനുഷ്യരുടേയും വിലാപമാണ്. ഒരു സംഘര്‍ഷം, ഒരു കോണ്‍ഫ്ലിക്റ്റ്, സ്വയം പരിഹരിക്കുവാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ മനുഷ്യവംശത്തെ അത് സംഹരിക്കുമെന്ന് മഹാഭാരതം നമ്മെ പഠിപ്പിക്കുന്നു. ഭയാനകമായ നാശം.
ഗാന്ധാരി, വ്യാസഭാരതത്തിലെ ഏറ്റവും കുലീനയായ സ്ത്രീ, അപാരമായ ആത്മീയ ശക്തിയുള്ള സ്ത്രീ, അന്ധനായ ഭര്‍ത്താവിനു വേണ്ടി ജീവിതകാലം മുഴുവനും അന്ധയായി ജീവിക്കുവാന്‍ വേണ്ടി ജീവിതം തിരഞ്ഞെടുത്ത സ്ത്രീ ഒരിക്കല്‍ മാത്രം യുദ്ധഭൂമിയിലെ കാഴ്ച കാണുവാനായി കണ്ണുകള്‍ തുറക്കുന്നു. ഭയാനകമാണാ കാഴ്ച. ഗാന്ധാരി വിലപിക്കുന്ന കാഴ്ച എഴുത്തച്ഛന്‍ വിവരിക്കുന്നു, ഗാന്ധാരിയുടെ വിലാപം നമ്മുടെ വിലാപമാക്കി മാറ്റുന്നു: നല്ല മരതകക്കല്ലുപോലുള്ള കല്യാണരൂപന്മാരായ കുമാരന്മാരെ കൊല്ലിക്കയത്രെ നിനക്കു രസമെടോ, നീലമലപോലെ വേലും തറച്ചുകിടക്കുന്നവര്‍, കണ്ഠം മുറിഞ്ഞുകിടക്കുന്നവര്‍, നായും നരിയും കടിച്ചുവലിക്കുന്ന ശവങ്ങള്‍, പട്ടുകിടക്കമേലെ കിടക്കേണ്ടവര്‍ ചോരയില്‍ പട്ടുകിടക്കുന്നവര്‍. ഒടുവിലൊരു ചോദ്യം: കല്ലുകൊണ്ടോ മനം, കല്ലിനുമാര്‍ദ്രതയുണ്ടെടോ.
മഹാഭാരതയുദ്ധം നടക്കുന്നത് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പാണ്. ബിസി ആയിരത്തില്‍ നടന്ന ആ യുദ്ധം കഴിഞ്ഞിട്ട് ഏതാണ്ട് മൂവായിരം വര്‍ഷം കഴിഞ്ഞു. ഇന്നും ഗാന്ധാരിയുടെ വിലാപം, യുദ്ധത്തിന്റെ കെടുതികള്‍ നമ്മെ പിന്തുടരുന്നു.
രതിയായി മാറുന്ന കൊല.
എന്തുകൊണ്ട് മ‌നുഷ്യ‌ര്‍ കൊല്ലുന്നു? ഈ ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുമായോ ഏതെങ്കിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിട്ടുള്ളവര്‍, പ്രത്യേകിച്ച് 70 കളിലെ ലോകകാമ്പസുകളെ ഇളക്കിമറിച്ച വിയറ്റ്നാം യുദ്ധം കേട്ടുവളര്‍ന്നവര്‍, ബര്‍ട്ടാന്റ് റസ്സലിലൂടെ കടന്നുപോയിട്ടുണ്ടാകും. നല്ല ഓര്‍മ്മയില്ലെങ്കിലും റസ്സലിന്റെ ആത്മകഥയിലെ ചില വരികള്‍ ഞാനോര്‍ക്കുന്നു.ഒന്നാം ലോകമഹായുദ്ധത്തിലെ ചില കാഴ്ചകള്‍ കണ്ട് റസ്സല്‍ അതിശയത്തോടെ എഴുതുന്നു: യൂറോപ്പിലെ ഓരോ ആണും പെണ്ണും യുദ്ധത്തെ ആനന്ദത്തോടെയാണ് വരവേറ്റത് പല സമാധാനപ്രേമികളും കരുതിയതുപോലെ താല്പര്യമില്ലാത്ത ഒരു ജനതയ്ക്കുമേല്‍ ഏകാധിപതികളും ക്രൂരഭരണകൂടങ്ങളും സാമ്പ്രാജ്യത്വ‌ങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരുന്നു യുദ്ധമെന്നാണ് ഞാന്‍ കരുതിയത്. കൊല്ലുന്ന സേനകള്‍ എത്ര കൃത്യമായി ആ കൊലചെയ്തു. ജനകീയ പ്രോത്സാഹനമില്ലായിരുന്നുവെങ്കില്‍ ആ നരഹത്യ ഇത്ര ഭംഗിയായി നടക്കില്ലായിരുന്നു.

Sep 23, 2011

വീടുനഷ്ടപ്പെടുന്നവര്‍ - തകഴിയുടെ പട്ടാളക്കാരന്‍ ഒരു പഠനം



പ്രശ്നനിഷ്ഠമായ സാമൂഹികജീവിതമായിരുന്നു തകഴിയുടെ രംഗഭൂമി. ലോകമഹായുദ്ധങ്ങളുടെ കാലഘട്ടം കേരളത്തെസംബന്ധിച്ചും സാമ്പത്തികതകര്‍ച്ചയുടെ കാലഘട്ടമായിരുന്നു. ഭാരതത്തിന്റെ ഭൂതകാലം മനുഷ്യനെ അകറ്റുകയും അപരിചിതരാക്കുകയും ചെയ്ത യുദ്ധങ്ങളുടെയും വിഭജനത്തിന്റെയും ചരിത്രം കൂടിയാണ്. കാലഘട്ടത്തിന്റെ പ്രത്യയശാസ്ത്രം തകഴിയുടെ കഥകളില്‍ അനുഭവചിത്രങ്ങളായി രൂപപ്പെടുന്നു. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതിയിലുണ്ടായ മാറ്റം തകഴിയുടെ കഥകളിലും നേര്‍രേഖകളായി. ഒരേ സമയം യാഥാര്‍ത്ഥ്യനിഷ്ഠവും ഭാവനാത്മകവുമായ ജീവിതക്കാഴ്ചകളെ അവതരിപ്പിക്കാന്‍ തകഴിക്കു കഴിഞ്ഞു. "ലിറ്ററേച്ചര്‍ എന്നു പറയുന്നത് വെറും സാഹിത്യം മാത്രമല്ല, പൊളിറ്റിക്സും സോഷ്യോളജിയും ഹിസ്റ്ററിയുമെല്ലാം അതിനകത്തുണ്ട്”എന്ന തകഴിയുടെ വാക്കുകള്‍ ബാഹ്യാന്തരീക്ഷം എപ്രകാരം രചനകളെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. വൈയക്തികമായ സൂക്ഷ്മതലങ്ങളല്ല, മറിച്ച് പ്രശ്നസങ്കീര്‍ണ്ണമായ മനുഷ്യജീവിതാവസ്ഥകളാണ് തകഴിയുടെ പ്രമേയങ്ങള്‍. പ്രശ്നനിഷ്ഠമായ ഈ ജീവിതാവസ്ഥകളില്‍നിന്ന് മോചനം നേടുന്നതിനായി കടന്നുവന്ന പുതുവഴിയായിരുന്നു അക്കാലത്ത് പട്ടാളജീവിതം.
1940കളുടെ പശ്ചാത്തലത്തില്‍ വിരചിതമായ ചെറുകഥയാണ് തകഴിയുടെ 'പട്ടാളക്കാരന്‍'. പട്ടാളത്തില്‍ ചേരുന്നതോടെ രാമന്‍നായരെന്ന കഥാനായകന് മേല്‍വിലാസമുണ്ടാകുന്നു. അതുവരെയുള്ള ദാരിദ്ര്യത്തിനും അരക്ഷിതാവസ്ഥയ്ക്കും അറുതിവന്നതായിരുന്നു അയാളെ സംബന്ധിച്ചിടത്തോളം സന്തോഷിക്കാനുള്ള കാരണം. മൂന്നുനേരം ലഭിക്കുന്ന ഭക്ഷണത്തിനുമുന്നില്‍ പരിശീലനത്തിന്റെ ക്ലേശകാലം അയാളെ ബാധിച്ചതേയില്ല. വിവിധ ഭാഷകളും സംസ്കാരവുമുള്ള ആളുകളോട് ഇടപഴകുക മൂലം എവിടെയും ജീവിക്കാനയാള്‍ പ്രാപ്തനായി. യുദ്ധത്തിനുമുമ്പായി അനുവദിക്കപ്പെട്ട ഒരുമാസം അവധിയില്‍, സഹപ്രവര്‍ത്തകര്‍ വീടണയാന്‍ തിടുക്കപ്പെടുമ്പോള്‍ അയാള്‍ അസ്വസ്ഥനാകുന്നു. ആലോചനയ്ക്കൊടുവില്‍ അനാഥനെങ്കിലും ജന്മനാടിന്റെ സുഖശീതളിമയിലേയ്ക്ക് മടങ്ങാന്‍ അയാള്‍ തീരുമാനിക്കുന്നു. കേരളം മുഴുവന്‍ അലഞ്ഞുതിരിഞ്ഞിട്ടും ആരും തിരിച്ചറിയാനില്ലാതെ അയാളൊടുവില്‍ ഒരു നാട്ടിന്‍പുറത്തെത്തുകയും വൃദ്ധയായ സ്ത്രീ അയാള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കു നടുവിലും സ്നേഹപൂര്‍വ്വം അയാളെ പരിഗണിക്കുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്നു.

Sep 21, 2011

അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം - വീഡിയോ

     
      കാസര്‍കോഡ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ അഹമ്മദ് ഷരീഫ് കുരിക്കള്‍ തയ്യാറാക്കിയ വീഡിയോ പോസ്റ്റുചെയ്യുന്നു. 'അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം' യൂണിറ്റിന്റെ അവതരണത്തിന് ഏറ്റവും അനുയോജ്യമാണിതെന്നു കരുതുന്നു. എല്ലാ അദ്ധ്യാപക സുഹൃത്തുക്കളും പ്രയോജനപ്പെടുത്തുമല്ലോ.




             അത്തോളി ജി.വി.എച്ച്.എസ്.എസിലെ മലയാളവിഭാഗം തയ്യാറാക്കിയ വീഡിയോ 'അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം' കാണാന്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക.




Sep 19, 2011

പഠനപ്രവര്‍ത്തനം - അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം

  
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന യുണിറ്റിന് ഒരു യൂണിറ്റ് പ്ലാന്‍ മുമ്പ് പോസ്റ്റുചെയ്തിരുന്നല്ലോ. ഈ യൂണിറ്റിന് കൂടുതല്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നു ചിലര്‍ക്കെങ്കിലും തോന്നിയിരിക്കാം. അങ്ങനെ തോന്നുന്നവര്‍ക്കായാണ് ഈ പോസ്റ്റ്. പുതുമയാര്‍ന്ന ഈ പ്രവര്‍ത്തനങ്ങള്‍ നമുക്കായി അവവതരിപ്പിക്കുന്നത് കണ്ണൂര്‍ ഇലയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ്സിലെ വി.എം.സുരേഷ് മാഷാണ്. അദ്ദേഹം കണ്ണൂര്‍ വിദ്യാഭ്യാസജില്ലയിലെ ജില്ലാറിസോഴ്സ് ഗ്രൂപ്പ് അംഗവുംകൂടിയാണ്.
SAVING PRIVATE RYAN എന്ന സിനിമ താഴെക്കാണുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.
നാഗസാക്കി ഹിരോഷിമ യുദ്ധരംഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെക്കാണുന്ന ലിങ്ക് ഉപയോഗിക്കാം.
കൂടുതല്‍ പഠനപ്രവര്‍ത്തനങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.


Sep 17, 2011

അപരാജിത - കവിത


ചിന്താവിഷ്ടയായ സീത 
പഠിപ്പിച്ചതിനുശേഷം എഴുതിയ കവിത



നിങ്ങളറിയുമോ എന്നെ
കാന്തനാല്‍ പരിത്യക്ത ഞാന്‍
സൂര്യവംശാധിപനാം രാമന്റെ
പ്രിയപത്നി ജാനകി ഞാന്‍...
കാണുവാനാശിച്ച കാനനം
കാട്ടുവാനെന്ന മട്ടില്‍
ചാടുവാക്കാലെന്നെ കൊടും
കാന്താരത്തിലുപേക്ഷിച്ചവന്‍
ഓര്‍മ്മയില്‍ തിളങ്ങുന്നു രാമാ
നീയാ ശിവചാപം കുലച്ചൊരാ
ദിനം മുതലിന്നു വരെയുള്ളോ-
രോരോ നിമിഷങ്ങളും...
ജനകന്റെ കാഞ്ചന കൊട്ടാരക്കെട്ടിലില്‍
കുപ്പിവളകളുടെ കിളിക്കൊഞ്ചലില്‍
പൊട്ടിച്ചിരിച്ചു രസിച്ചൊരെന്നെ
പെട്ടെന്നു പാണിഗ്രഹം ചെയ്തു നീ
ദാശരഥിതന്‍ അന്തപ്പുരത്തില്‍
അയോദ്ധ്യതന്‍ മകളായ്
മനസ്സുകൊണ്ടേ മാറിയ
ജനകാത്മജ ഞാന്‍.
പിന്നെ പതിനാലുവത്സരം
പര്‍ണ്ണശാലയൊരുക്കിയൊ-
രന്തപ്പുരത്തില്‍ രാമന്റെ
പട്ടമഹിഷിയായ് വാണവള്‍
നിങ്ങളറിയുമോ എന്നെ ആ...
രാമനാല്‍ പരിത്യക്ത ഞാന്‍.
പറയാത്ത പരിഭവങ്ങളാണെന്റെ
ആത്മശക്തി, പൊഴിയാത്ത
കണ്ണീര്‍ക്കടലില്‍ ശമിച്ചതാണു നീ
തീര്‍ത്തോരാ അഗ്നികുണ്ഡം.
മക്കള്‍ പാടുന്ന രാമായണ
സൂക്തങ്ങളില്‍ ചുട്ടുപൊള്ളുന്നില്ലേ
രാമാ!... പ്രിയ രാഘവാ!...
നിന്റെ രോമകൂപങ്ങള്‍ പോലും?
സര്‍വ്വംസഹയായൊരെന്‍ ജനനി
ധരിത്രിക്കും ക്ഷമയില്‍ ഞാന്‍
അമ്മയായിടുന്നു, അത്രമേല്‍
രാമ നിന്നെ സ്നേഹിക്കയാല്‍.....

ലിമ ടീച്ചര്‍
സെന്റ് മേരീസ് എച്ച്. എസ്.
മേരികുളം
കട്ടപ്പന ഉപജില്ല
ഇടുക്കി

Sep 16, 2011

പ്രേമലേഖനം - ഒരാസ്വാദനക്കുറിപ്പ്


"പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്.
സാറാമ്മയോ?
ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍.......”
കാല്പനികമായ ഒരു പ്രേമലേഖനത്തോടെ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന ലഘുനോവല്‍ വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥ പറയുന്നു. കേശവന്‍ നായരുടെ കാല്പനിക പ്രണയത്തിന് സാറാമ്മ നല്കുന്ന മറുപടികള്‍, സാറാമ്മയുടെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍, കേശവന്‍ നായരുടെ കറകലരാത്ത പ്രണയം എന്നിവ സാമൂഹ്യാവസ്ഥകളോടു ബന്ധപ്പെടുത്തി ഈ നോവലില്‍ ആവിഷ്കരിക്കുന്നു. കേശവന്‍ നായരുടെ പ്രണയം സാറാമ്മയുടെ മനസ്സില്‍ തട്ടുന്നുണ്ടെങ്കിലും സാറാമ്മ അത് പ്രതിഫലിപ്പിക്കുന്നത് കഥാവസാനത്തില്‍ മാത്രമാണ്. തനിക്കൊരു ജോലിവേണമെന്ന സാറാമ്മയുടെ ആവശ്യത്തെ കേശവന്‍ നായര്‍ നേരിടുന്നത് തന്നെ പ്രണയിക്കുക എന്ന ജോലിനല്‍കിക്കൊണ്ടാണ്. എന്നാല്‍ പ്രണയിക്കുക എന്ന ഫുള്‍ടൈം ജോലിക്ക് മാന്യമായ ശമ്പളം സ്വീകരിച്ചുകൊണ്ടാണ് സാറാമ്മ ജോലി ഏറ്റെടുക്കുന്നത്. ലോകസാഹിത്യത്തില്‍ തന്നെ ശമ്പളത്തിനുവേണ്ടി പ്രണയിക്കുന്ന ഒരു നായികയെ നമുക്ക് ഒരിടത്തും കണ്ടെത്താനാവില്ല. നോവലിന്റെ അവസാനം കേശവന്‍ നായര്‍ സ്ഥലം മാറിപ്പോകുമ്പോള്‍ സാറാമ്മയും കേശവന്‍ നായരോടൊപ്പം പോകുന്നു. തീവണ്ടിയില്‍ വച്ച് പ്രണയജോലിക്ക് താന്‍ വാങ്ങിയ ശമ്പളം മുഴുവന്‍ സാറാമ്മ കേശവന്‍ നായര്‍ക്ക് തിരികെ നല്‍കുന്നു. പ്രണയമെന്നത് യാഥാര്‍ത്ഥ്യനിഷ്ഠമായ അനുഭവമാണ് സാറാമ്മയ്ക്ക്. യഥാര്‍ത്ഥ പ്രണയം കാപട്യമോ വഞ്ചനയോ നിറഞ്ഞതല്ലെന്ന് സാറാമ്മ തെളിയിക്കുന്നു.
രസകരമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പ്രേമലേഖനം എന്ന നോവലില്‍ കടന്നുവരുന്നു. സ്ത്രീകളുടെ തലയ്ക്കുള്ളില്‍ 'നിലാവെളിച്ചം' ആണെന്ന കേശവന്‍ നായരുടെ വാക്കുകള്‍ക്ക് സാറാമ്മ കഥയിലുടനീളം മറുപടി നല്‍കുന്നു. സാറാമ്മ കേശവന്‍ നായര്‍ നല്‍കുന്ന പ്രേമലേഖനം ചുരുട്ടിക്കൂട്ടി എറിഞ്ഞുകളയുകയും "വേറെ വിശേഷമൊന്നുമില്ലല്ലോ" എന്നാരായുകയും ചെയ്യുന്നു. പിന്നീടൊരിക്കല്‍ തനിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിനില്‍ക്കുന്ന കേശവന്‍ നായരോട് ശീര്‍ഷാസനം ചെയ്തുകാണിക്കാനാണ് സാറാമ്മ ആവശ്യപ്പെടുന്നത്. കേശവന്‍ നായര്‍ അതനുസരിക്കുകയും ചെയ്യുന്നു.

Sep 14, 2011

അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം - യൂണിറ്റ് സമഗ്രാസൂത്രണം


പത്താംതരം കേരളപാഠാവലിയിലെ 'അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം' എന്ന യുണിറ്റിന്റെ യൂണിറ്റ് സമഗ്രാസൂത്രണം പോസ്റ്റുചെയ്യുന്നു. പന്ത്രണ്ട് പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുദ്ധവിരുദ്ധ ചലച്ചിത്രമേള, യുദ്ധവിരുദ്ധ കഥ / കവിതയരങ്ങ് എന്നിവയ്ക്ക് വളരെ നേരത്തേതന്നെയുള്ള തയ്യാറെടുപ്പുകള്‍ വേണ്ടിവരും. ഇവയ്ക്കുള്ള സാമഗ്രികള്‍ സ്ക്കൂള്‍വിദ്യാരംഗം ബ്ലോഗുവഴികൈമാറാനുള്ള ശ്രമം നടത്തുന്നതിന് എല്ലാ അദ്ധ്യാപകസുഹൃത്തുക്കളും തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു.
യുദ്ധവിരുദ്ധ ചലച്ചിത്രമേളയ്ക്കുവേണ്ടി അദ്ധ്യാപകസഹായിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ചലച്ചിത്രങ്ങളുടെ ചിലഭാഗങ്ങള്‍ യൂ-ട്യൂബില്‍ ലഭ്യമാണ്. അവയ്ക്കുള്ള ലിങ്കുകള്‍ കണ്ടെത്തുന്നവര്‍ അത് കൈമാറാന്‍ സന്മനസ്സുകാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Sep 12, 2011

ദൈനംദിനാസൂത്രണം - ഇരുചിറകുകളൊരുമയിലങ്ങനെ


പത്താംതരം കേരളപാഠാവലി രണ്ടാം യൂണിറ്റ് ഇരുചിറകുകളൊരുമയിലങ്ങനെ.. യുടെ ദൈനംദിനാസൂത്രണം പോസ്റ്റുചെയ്യുന്നു. ഓണപ്പരീക്ഷയ്ക്കായി എസ്. സി. . ആര്‍. ടി. നല്‍കിയ ചോദ്യബാങ്ക് എല്ലാ അദ്ധ്യാപകസുഹൃത്തുക്കളും വിശദമായി വിശകലനം ചെയ്തുകാണുമല്ലോ. ആ ചോദ്യങ്ങളെല്ലാം പാഠപുസ്തകവും അദ്ധ്യാപകസഹായിയുമായി ബന്ധപ്പെട്ടവയായിരുന്നു. പാഠാസുത്രണത്തിലും പ്രവര്‍ത്തനങ്ങളുടെ തെരഞ്ഞെടുപ്പിലും പാഠപുസ്തകവും അദ്ധ്യാപകസഹായിയും എത്രമാത്രം പ്രസക്തമാണെന്ന് എന്ന് ആ ചോദ്യബാങ്ക് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പ്രവര്‍ത്തനങ്ങളുടെ എണ്ണത്തിലോ വണ്ണത്തിലോ അല്ല സൂക്ഷ്മതയിലും ഫലപ്രാപ്തിയിലുമാണ് നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പുതുമയാര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തേടിപ്പോകുമ്പോള്‍ അവ നമ്മുടെ പ്രധാന പ്രമേയത്തില്‍ നിന്നും വഴിപിരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Sep 7, 2011

പുലിക്കളി - കവിത


പൂവേ! പൊലി പൂവേ! പൊലി പൂവിളികള്‍ കേള്‍ക്കുന്നില്ലേ?
പൊട്ടിവിരിഞ്ഞീടുന്നല്ലോ ആഹ്ലാദപ്പൂവും!
സമത്വസന്ദേശമായി സമൃദ്ധിതന്‍ വാഗ്ദാനമായ്‌
സൌമ്യശീലനായീടുന്ന മഹാബലിതാന്‍
പാതാളത്തിന്‍ കാരാഗൃഹം രാകിരാകി മുറിച്ചിട്ടു
ഭൂതലത്തില്‍ വിരുന്നെത്തി ഓണം കൂടുവാന്‍
വാമനന്റെ പിന്മുറക്കാര്‍ കാപട്യത്തിന്‍ കേദാരങ്ങള്‍
പാവം! മാവേലിമന്നനെ ചിവിട്ടിതാഴ്ത്തി !
പാതാളത്തിന്നിരുട്ടറ പൂകിയല്ലോ രണ്ടാമതും
പാതവക്കില്‍ കേണീടുന്നു പാവം മാനുഷര്‍!
ഓണവില്ലു കയ്യിലേന്തി ഓണപ്പാട്ടും പാടിക്കൊണ്ടേ
ആവണിയും വന്നണഞ്ഞു കേരളനാട്ടില്‍
ഓണവില്ലു കൈക്കലാക്കി സംഹാരത്തിന്‍ ഞാണുംകെട്ടി
ആവണിയെ തട്ടിമാറ്റി മലയാണ്മക്കാര്‍
അമ്പുകളും തേടീടുന്നു എയ്തുവീഴ്ത്താന്‍ സ്വന്തക്കാരെ
അന്‍പില്ലാത്ത കൂട്ടരല്ലോ നമ്മളൊക്കെയും
ഓണക്കോടിയണിഞ്ഞെത്തും ചിങ്ങമാസകന്യകയെ
ആണും പെണ്ണുംകെട്ടവര്‍ഗം കടിച്ചുകീറി
അമ്മമാരെ പെങ്ങന്മാരെ തിരിച്ചറിയാത്ത കൂട്ടം
ഇമ്മലനാടിന്റെ ശാപം; കേഴട്ടെ ഞാനും!
എന്തിനുമേതിനും വേണം മദ്യവും മദിരാക്ഷിയും
ചിന്താശേഷിമാത്രമില്ല മലയാളിക്ക് !
മദ്യത്തിലും മുക്കിക്കൊന്നു ആവണിപ്പൊന്‍വിഗ്രഹത്തെ
വിദ്യാ സമ്പന്നരെന്നല്ലോ നമ്മുടെ ഭാവം!
ഇറച്ചിയും മീനും തിന്നു പള്ളയും വീര്‍പ്പിച്ചീടുന്നു
ഉറഞ്ഞു തുള്ളീടാനായി പുലിവേഷമായ്
മോന്തയിലും കുമ്പമേലും ചായങ്ങളും തേച്ചുകൊണ്ടേ
ചന്തിയും കുലുക്കിച്ചാടും പുലിവീരന്മാര്‍!
തിണ്ണമിടുക്കുള്ളവരും പുലികളായ് ചീറീടുന്നു
ഉണ്ണികളും പെണ്ണുങ്ങളും ഊറിച്ചിരിപ്പു
ഇളിച്ചുകാട്ടുംപുലികള്‍ തുറിച്ചുനോക്കും പുലികള്‍
ഒളിച്ചിരിക്കാന്‍ മടകള്‍ കയ്യേറുമല്ലോ
പുലികളില്ലാത്ത നാട്ടില്‍ എലികള്‍ ഭരിക്കും നാട്ടില്‍
പുലിക്കളി നടക്കുന്നു കെങ്കേമമായി !
പൂവുകളും പുഴകളും ചത്തീടുന്ന നാട്ടിലല്ലോ
പൂപ്പൊലിപാട്ടുകള്‍ കേള്‍പ്പൂ; വള്ളംകളിയും!
മാവേലിമഹാരാജനെ കുഴിച്ചുമൂടിയമണ്ണില്‍
മഹോത്സവം കൊണ്ടാടുന്നു ചിങ്ങമാസത്തില്‍!
പുവേ !പൊലി പുവേ !പൊലി പുവിളികള്‍ കേള്‍ക്കുന്നില്ലേ ?
പൊട്ടിവിരിഞ്ഞീടുന്നല്ലോ ആഹ്ലാദപ്പൂവും!



Sep 3, 2011

ലേഖനം




കോട്ടയം എം. ടി. എസ്. എച്ച്. എസ്. എസ്സിലെ സൂരജ് എസ്. വിനോദ് തയ്യാറാക്കിയ ലേഖനമാണിത്. ബി. ശ്രീരാജിന്റെ ഇറോം ശര്‍മ്മിള പതിറ്റാണ്ടു നീണ്ട പോരാട്ടം എന്ന കൃതിയെ മുന്‍നിര്‍ത്തി ഇറോം ശര്‍മ്മിളയുടെ സാമൂഹ്യ പ്രസക്തി വിശകലനം ചെയ്യുന്നു ഈ ലേഖനം.