എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 25, 2011

വി. കെ. എന്‍. - അനുസ്മരണം



തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ 6നാണ്‌ വടക്കേ കൂട്ടാല നാരായണന്‍കുട്ടിനായര്‍ അഥവാ വി. കെ. എന്‍. ജനിച്ചത്‌. മെട്രിക്കുലേഷന്‍ കഴിഞ്ഞ്‌ 1951 മുതല്‍ എട്ടു വര്‍ഷത്തോളം മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഗുമസ്തനായി ജോലിചെയ്തു. പാലക്കാടായിരുന്നു ആദ്യ നിയമനം. എന്നാല്‍ അദ്ദേഹമെഴുതിയ 'ദ്‌ ട്വിന്‍ ഗോഡ്‌ അറൈവ്‌സ്‌' എന്ന ലേഖനം ദേവസ്വം കമ്മീഷണറെ പരിഹസിക്കുന്നതാണെന്ന കുറ്റംചുമത്തി കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റപ്പെട്ടു. കുറെക്കാലത്തിനുശേഷം മലപ്പുറം ജില്ലയിലെ പുളിക്കല്‍ അമ്പലത്തിലെ മാനേജരായി നിയമിതനായി. എന്നാല്‍ പ്രസ്തുത അമ്പലം ഒരു സ്വകാര്യ ട്രസ്റ്റിന്‌ സര്‍ക്കാര്‍ കൈമാറിയപ്പോള്‍ ജോലി നഷ്ടപ്പെട്ടു. ദേവസ്വം വകുപ്പിലെ ജോലിനഷ്ടം ഒരര്‍ഥത്തില്‍ വി കെ എന്റെ സാഹിത്യ ജീവിതത്തെ പരിപോഷിപ്പിക്കാന്‍ നിമിത്തമായി. ജോലി അന്വേഷിച്ച്‌ ഡല്‍ഹിയിലെത്തിയതോടെ രചനയ്ക്കുള്ള മറ്റൊരു അനുഭവലോകവും അദ്ദേഹത്തിന്റെ മുന്നില്‍ത്തെളിഞ്ഞു. 1959-ലാണ്‌ അദ്ദേഹം ഡല്‍ഹിയിലെത്തിയത്‌. പത്രപ്രവര്‍ത്തനത്തോടൊപ്പം അക്കാലത്ത്‌ പ്രസിദ്ധമായിരുന്ന ശങ്കേഴ്സ്‌ വീക്കിലിയിലും ലേഖനങ്ങളെഴുതി. വാര്‍ത്താ ഏജന്‍സിയായ യു.എന്‍., ആകാശവാണി എന്നിവിടങ്ങളിലായിരുന്നു പത്രപ്രവര്‍ത്തനജീവിതം. പത്തുവര്‍ഷക്കാലത്തെ ഡല്‍ഹി ജീവിതം ഒട്ടേറെ സാഹിത്യ സൗഹൃദവും അദ്ദേഹത്തിനു സമ്മാനിച്ചു. . വി. വിജയന്‍, കാക്കനാടന്‍, എം. മുകുന്ദന്‍ എന്നിവരായിരുന്നു അക്കാലത്തെ പ്രധാന സുഹൃത്തുക്കള്‍. 1969-ല്‍ ഡല്‍ഹി ജീവിതം അവസാനിപ്പിച്ച്‌ തിരുവില്വാമലയില്‍ തിരിച്ചെത്തി. എഴുത്തും വായനയുമായി വി കെ എന്‍ ജന്മനാട്ടില്‍ തന്റേതായ ഒരു ലോകം സൃഷ്ടിച്ചു.
വി. കെ. എന്‍ തന്റെ എഴുത്തിന്റെ ശൈലീരസംകൊണ്ട്‌ മലയാള സാഹിത്യത്തില്‍ വേറിട്ടുനിന്ന വ്യക്തിത്ത്വമായിരുന്നു. ഹാസ്യ രചനകള്‍ കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരന്‍ ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ്‌ അക്ഷര സഞ്ചാരം നടത്തിയത്‌. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തില്‍ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാന്‍ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി കെ എന്‍. സ്വന്തം ജീവിതാനുഭവങ്ങളെ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ്‌ അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്‌. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികള്‍ വി. കെ. എന്റേതായുണ്ട്‌. രണ്ടു നോവലുകളും ഏതാനും കഥകളും ഇംഗ്ലീഷിലും മറ്റ്‌ ഇന്ത്യന്‍ ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ്‌ വിവര്‍ത്തനത്തിന്‌ വഴങ്ങാത്ത അത്യപൂര്‍വ്വ ശൈലിയിലായിരുന്നു വികെഎന്‍ കഥകള്‍ പറഞ്ഞിരുന്നത്‌. അല്‍പം ബുദ്ധികൂടിയ നര്‍മ്മങ്ങളായതിനാല്‍ വികെഎന്‍ കഥകള്‍ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങുകയും ചെയ്തു.
അസുരവാണി, മഞ്ചല്‍, ആരോഹണം, ഒരാഴ്ച, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ്, പയ്യന്റെ രാജാവ്, പെണ്‍പട, പിതാമഹന്‍, കുടിനീര്‍,നാണ്വാര്, അധികാരം, അനന്തരം എന്നീ നോവലുകളും അമ്മൂമ്മക്കഥ എന്ന നോവലൈറ്റും 'അയ്യായിരവും കോപ്പും' എന്ന നര്‍മ്മലേഖനവുമാണ് പ്രധാന സാഹിത്യ രചനകള്‍.
അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജനരഹിതമായ വിമര്‍ശനങ്ങളായിരുന്നു വികെഎന്റെ പ്രധാന രചനകളെല്ലാം. സിന്‍ഡിക്കേറ്റ്‌, ആരോഹണം, പയ്യന്‍ കഥകള്‍ തുടങ്ങിയ രചനകള്‍ അധികാരത്തിന്റെ ഇടനാഴികളിലൂടെയുള്ള വിമര്‍ശന യാത്രകളാണ്‌. ഭക്ഷണം, ഇര, ഇണ, സ്ഥാനമാനങ്ങള്‍ തുടങ്ങിയ ഘട്ടങ്ങളിലൂടെ കയറിപ്പോകുന്ന പയ്യന്‍ ഒടുവില്‍ അധികാരത്തെ തന്നെയാണ്‌ തുറന്നുകാട്ടിയത്‌. പയ്യന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ ആത്മാവാണെന്നു പറയാം. ഡല്‍ഹി ജീവിതത്തിനിടയ്ക്ക്‌ ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍ വികെഎന്നിലുണര്‍ത്തിയ രോഷമാണ്‌ പയ്യന്റെ നര്‍മ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവരുന്നത്‌.
തുള്ളല്‍ കൃതികളിലൂടെ മലയാള സാഹിത്യത്തില്‍ ഹാസ്യത്തിന്റെ ഐശ്വര്യം വിതറിയ കുഞ്ചന്‍ നമ്പ്യാരുടെ നാട്ടുകാരനായിരുന്നു വി കെ എന്‍. ചുറ്റുംനടക്കുന്നതില്‍ നിന്നൊക്കെയും മാറിനിന്ന് അവ നര്‍മ്മത്തില്‍ചാലിച്ച്‌ അനുവാചകര്‍ക്കു മുന്നിലവതരിപ്പിച്ചാണ്‌ നമ്പ്യാര്‍ ഓട്ടന്‍തുള്ളല്‍ എന്ന കലയെ ജനകീയമാക്കിയത്‌. നര്‍മ്മ രചനയുടെ കാര്യത്തില്‍ വി കെ എന്‍ ചെയ്തതും ഇതുതന്നെയാണ്‌. സമകാലിക സംഭവങ്ങളെ മാറിനിന്നു നോക്കിക്കണ്ട്‌ അവ നര്‍മ്മത്തില്‍ ചാലിച്ച നിരീക്ഷണങ്ങളായി മലയാള സാഹിത്യലോകത്ത്‌ അദ്ദേഹം സമര്‍ഥമായി വിളമ്പി.
ലോകചരിത്രം, സാമ്പത്തിക ശാസ്ത്രം, രാജ്യാന്തര രാഷ്ട്രീയ സംഭവ വികാസങ്ങള്‍, ഭാരതത്തിലെ പുരാണ കൃതികള്‍ എന്നീ വിഷയങ്ങളിലുള്ള പരന്ന വായനയുടെ പിന്‍ബലവും വി കെ എന്‍ കൃതികളുടെ പ്രത്യേകതയാണ്‌. അതുകൊണ്ടുതന്നെ തന്റെ കാലഘട്ടത്തിലെ ഏതു ഭൂകമ്പത്തെയും അനായസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
2004 ജനുവരി 25ന്‌ സ്വവസതിയില്‍ വച്ച്‌ മരണമടഞ്ഞു.
- ബി. കെ. എസ്.

No comments: