എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 11, 2011

ഭാരതീയനവോത്ഥാനത്തിലെ അഗ്നിഗോളം


"ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ഈ ഭാരത മണ്ണില്‍ ജ്വലിച്ചുകൊണ്ടു ജീവിക്കുക. കരുത്തും ചുറുചുറുക്കും ശ്രദ്ധയുമുള്ള നട്ടെല്ലുമുട്ടെ ആര്‍ജ്ജവമുള്ള ചെറുപ്പകാരെയാണ് ഭാരതത്തിനാവശ്യം! ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത എഴുന്നേല്ക്കുക, ഉണരുക, ഇഷ്ട ലക്ഷ്യത്തിലെത്തും വരെ നില്‍ക്കാതിരിക്കുക! മനുഷ്യന്റെ വീര്യവും ഉത്സാഹപ്രഭാവവും വിശ്വാസ പ്രബലതയും കൊണ്ടു മാത്രമാണ് ലോകം മുഴുവന്‍ രൂപപ്പെട്ടിട്ടുള്ളത്!”
ഒന്നേകാല്‍ ശതാബ്ദത്തിനു മുന്‍പ് സ്വാമി വിവേകാനന്ദന്റെ ഹൃദയത്തില്‍ നിന്ന് പൊട്ടിപുറപ്പെട്ട പ്രൗഢഗംഭീരമായ ഈ വാക്കുകള്‍ ഉറങ്ങിക്കിടന്ന യുവ മനസ്സുകളെ ഉണര്‍ത്തി, ഭാരതത്തിന്റെ ആത്മാവിനെ തന്നെ തൊട്ടുണര്‍ത്തി!
ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനായിരുന്ന വിവേകാനന്ദ സ്വാമികള്‍ 1863 ജനുവരി 12ന് ബംഗാളില്‍ ജനിച്ചു. നരേന്ദ്രന്‍ എന്നായിരുന്നു പൂര്‍വ്വനാമധേയം. ശ്രീരാമകൃഷ്ണപരമഹംസരുടെ ആശയങ്ങളില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്റെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ ലോകമെമ്പാടും സഞ്ചരിച്ചു. അതാണ് തന്റെ ജീവിതദൗത്യമെന്ന് ആ മഹായോഗി അന്ന് തിരിച്ചറിഞ്ഞു. 1897-ല്‍ ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചു. ഭാരതത്തിലെ ഒരു വലിയ വിഭാഗം യുവാക്കള്‍ ഈ പ്രസ്ഥാനത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു.
1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന മതമഹാസമ്മേളനത്തില്‍ 'അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ' എന്ന സംബോധന ആ സദസ്സിനെ മാത്രമല്ല ലോകജനതയുടെ ആത്മാവിനെ തന്നെ ഇളക്കി മറിച്ചു.
"ആണുങ്ങള്‍! ആണുങ്ങളാണ് നമുക്കാവശ്യം വിശുദ്ധവും ബലിഷ്ഠവുമായ ഇച്ഛാശക്തിയുള്ള വാളു കൊണ്ടു പിളരാത്ത, തീ കൊണ്ടെരിയാത്ത, കാറ്റുക്കൊണ്ടുലയാത്ത, അമരവും അനാദ്യനന്തവും സര്‍വ്വ ശുദ്ധവും സര്‍വ്വശക്തവും സാര്‍വത്രികവുമായ ആത്മാവിനെപ്പറ്റി വിശ്വാസമുള്ളനൂറുപേരുണ്ടെങ്കില്‍ ഈ ഭാരതത്തെ ആത്മീയോന്നതിയിലെത്തിക്കാം! കരുത്തന്മാരാകുക! നിങ്ങളുടെ ഉപനിഷത്തുകളിലേയ്ക്ക് മടങ്ങിച്ചെല്ലുക, വെളിച്ചവും കരുത്തും തെളിച്ചവുമുള്ള ആദര്‍ശത്തിലേയ്ക്ക്! ഈ ദര്‍ശനം കൈക്കൊള്ളുക, ഉണ്മ പോലെ തന്നെ, ലോകത്തില്‍ വെച്ച് ഏറ്റവും സരളമാണ് അത്യുത്തമമായ സത്യങ്ങളെല്ലാം ഉപനിഷത്തിലുള്ള സത്യങ്ങളാണ് നിങ്ങളുടെ മുന്നിലുള്ളത്. അവയെ കൈക്കൊള്ളുക, ജീവിതത്തില്‍ പകര്‍ത്തുക. അപ്പോള്‍ ഭാരതത്തിന്റെ മോചനം ആസന്നമായിരിയ്ക്കും."
ഇങ്ങനെ ഇങ്ങനെ മാനവികമൂല്യങ്ങളെ യുവ മനസ്സുകളിലെത്തിക്കാന്‍ വെമ്പല്‍കൊണ്ട ആ യുവസന്യാസിയുടെ വാക്കുകള്‍ കത്തിപടര്‍ന്ന് മുന്നേറുന്ന തീ ജ്ജ്വാലയായി ഭാരതത്തിലെ ഓരോ മണ്‍തരിയില്‍ പോലും! ആ ദിവ്യ പുരുഷന്റെ ജന്മദിനം തന്നെ 'യുവജനദിനമായി' ആചരിക്കുന്നത് ഏറെ ഉചിതം തന്നെ.
1902-ജൂലൈ 4 ന് ആദിവ്യ സ്വരൂപം കാലയവനിയ്ക്കുള്ളില്‍ മറഞ്ഞു. 'ആത്മീയത' എന്നാല്‍ കര്‍മ്മവിമുഖതയല്ല കര്‍മ്മവ്യഗ്രതയെന്ന് ഉദ്ഘോഷിച്ച സന്യാസിവര്യനായിരുന്നു അദ്ദേഹം!
'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവൂ' എന്നു പറഞ്ഞതിലൂടെ നിഷ്ഠയുള്ള ജീവിതത്തിലൂടെ ആത്മീയത കരഗതമാവുമെന്ന ചിന്ത വിദേശീയരെ പോലും ആകര്‍ഷിക്കുവാനിടയായി. ആത്മീയത സാധാരണക്കാരനും പ്രാപ്യമാണെന്ന സന്ദേശംകൂടി വിവേകാനന്ദസ്വാമികള്‍ ലോകത്തിന് നല്കി.
ആത്മീയതയുടെ ഔന്നത്യത്തിലെത്തിയ, ഊര്‍ജ്ജസ്വലനായ ആ ഭാരതപുത്രന്‍ തെളിച്ചു തന്ന പന്ഥാവിലൂടെ മുന്നേറാന്‍ ഈ നൂറ്റാണ്ടിലെ യുവ ജനങ്ങള്‍ക്കാവുമെങ്കില്‍................!
- ആര്‍. ബി.

3 comments:

lisa said...

നരേന്ദ്രനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ !!!!!!!!!!!!!!!!!!!

lisa said...

നരേന്ദ്രനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ !!!!!!!!!!!!!!!!!!!

സുരേഷ്ബാബു സി സി said...

വളരെ നന്നായി യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന വാക്കുകള്‍ നന്ദി