എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍

Nov 5, 2016

വൈലോപ്പിള്ളി കവിതകള്‍ - കവിതയുടെ മൃത്യഞ്ജയം
ഒമ്പതാം ക്ലാസ്സിലെ കേരളപാഠാവലി മൂന്നാം യൂണിറ്റിലെ 'കവിതയുടെ മൃത്യുഞ്ജയം' എന്ന ലേഖനം ക്ലാസ്സിലവതരിപ്പിക്കുന്നതിന് വൈലോപ്പിള്ളിക്കവിതകളിലുടെ ഒരു ഹ്രസ്വസഞ്ചാരമെങ്കിലും നടത്താതെ വയ്യ. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ സാമാഹാരത്തില്‍ എം എന്‍ വിജയന്‍ മാഷ് എഴുതിച്ചേര്‍ത്ത ഈ ലേഖനം ധാരാളം കവിതകളെ നേരിട്ടും പരോക്ഷമായും പ്രതിപാദിക്കുന്നുണ്ട്. എല്ലാ അദ്ധ്യാപകര്‍ക്കും ഈ കവിതകളെല്ലാം സമാഹരിച്ച് പഠനം നടത്തുക സുസാധ്യമല്ല. അതുകൊണ്ട് അവയില്‍ പ്രധാനപ്പെട്ട ഏതാനും കവിതകള്‍ താഴെയുള്ളലിങ്കില്‍ pdf രൂപത്തില്‍ നല്‍കിയിട്ടുണ്ട്. ഈ കവിതകള്‍ ക്ലാസ്സ്മുറിയില്‍ പ്രയോജനപ്പെടുത്തുമല്ലോ.

മാമ്പഴം, പടയാളികള്‍, ജലസേചനം, മലതുരക്കല്‍, വര്‍ക്കത്തുകെട്ട താറാവ്, ഭേരി, പുതിയ കാഴ്ചപ്പാട്, ചേറ്റുപുഴ.

കന്നിക്കൊയ്ത്ത്, ഇരുളില്‍, കുടിയൊഴിക്കല്‍, 
 

Sep 2, 2016

ശബ്ദവീചികളിലൂടെ കണ്ണമ്മ -'കുപ്പിവളകള്‍' ഒരാസ്വാദനം''ചെറുവള്ളം തുഴയുന്നതും ഞാനാസ്വദിക്കുന്നു. നിലാവുള്ള രാത്രികളിലാണ് ഞാനത് ഏറെ ഇഷ്ടപ്പെടുന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ ചിരിച്ചേക്കും. നമുക്ക് പിന്തുടരാന്‍ പാതകളില്‍ വെളിച്ചം വിതറിക്കൊണ്ട്, ആകാശത്തിനപ്പുറത്തെ പൈന്‍മരങ്ങള്‍ ക്കിടയിലേക്കു കയറി, പതുക്കെ സ്വര്‍ഗ്ഗത്തിനു കുറുകെ ഒളിഞ്ഞൊളിഞ്ഞു പോകുന്ന ചന്ദ്രനെ എനിക്കു കാണാന്‍ പറ്റില്ലെന്നതു വാസ്തവമാണ്. പക്ഷേ, തലയിണയിലേക്ക് ചാരിക്കിടന്ന് കൈകള്‍ വെള്ളത്തില്‍ മുക്കിയിടുമ്പോള്‍, അവള്‍ കടന്നുപോകവേ, ആ വസ്ത്രങ്ങളുടെ പ്രഭ ഞാന്‍ അനുഭവിക്കുന്നതായി സങ്കല്പിക്കാറുണ്ട്.''
-ഹെലന്‍ കെല്ലര്‍ (The Story of My Life)


കാഴ്ചകള്‍ അന്യമായ കണ്ണമ്മയുടെ ശബ്ദലോകത്തെ പരിചയപ്പെടുത്തുന്ന കഥയാണ് സാറാ തോമസിന്റെ 'കുപ്പിവളകള്‍'. അനാഥാലയത്തിന്റെ ഒറ്റപ്പെടലിലും വീര്‍പ്പുമുട്ടലിലും ജീവിതത്തിന്റെ പ്രസാദാത്മകത പാടേ നഷ്ടപ്പെട്ട കണ്ണമ്മയ്ക്ക് ബാഹ്യലോകവുമായി പൊരുത്തപ്പെടാനാവുന്നില്ല. ഒരിക്കല്‍ അനാഥാലയത്തിലെത്തിയ അതിഥിയില്‍ നിന്നും പുതുവസ്ത്രം സ്വീകരിച്ച് നിസ്സംഗതയോടെ മടങ്ങുമ്പോള്‍ കൂട്ടുകാര്‍ പറഞ്ഞ് അവരുടെ മകളുടെ കയ്യിലെ കുപ്പിവളകളെക്കുറിച്ച് അറിയുന്നു. പള്ളിയില്‍ കുര്‍ബാന സമയത്ത് കേട്ട കുപ്പിവളകളുടെ കിലുക്കം അവളോര്‍ക്കുന്നു. കണ്ണമ്മയുടെ വിഷാദപൂര്‍ണ്ണമായ ചിന്തകള്‍ക്കിടയില്‍ അതിഥിയുടെ മകളായ റോസിമോള്‍ ഒരു സ്നേഹസമ്മാനമായി തന്റെ കുപ്പിവളകള്‍ ഊരി കണ്ണമ്മയെ അണിയിക്കുന്നു. കുപ്പിവളകളുടെ കിലുക്കം കണ്ണമ്മയ്ക്ക് ആഹ്ലാദം പകരുന്നു. 'കുപ്പിവളകളുടെ മന്ദ്രനാദം കേള്‍ക്കുന്ന തിരക്കില്‍ അവള്‍ മറ്റെല്ലാം മറന്നുപോയിരുന്നു' എന്ന് കഥ അവസാനിക്കുന്നു.

Jul 5, 2016

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം - സ്ഥലത്തെ പ്രധാന സുല്‍ത്താന്‍

''ദാഹിച്ചുവലഞ്ഞുവരുന്ന ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് ഒരു പ്രാര്‍ത്ഥന. ഒരു ചെടിയോ വൃക്ഷമോ നട്ട് വെള്ളമൊഴിച്ചു വളര്‍ത്തുന്നതും പ്രാര്‍ത്ഥന. ഒരു പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതും പ്രാര്‍ത്ഥന. വിശന്നു പൊരിഞ്ഞു വരുന്ന മനുഷ്യന് ആഹാരം കൊടുക്കുന്നതും പ്രാര്‍ത്ഥന. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാര്‍ത്ഥന. ജീവികളെ സന്തോഷിപ്പിക്കുന്നതും പ്രാര്‍ത്ഥന. രാവിന്റെയും പകലിന്റെയും ഭീതികളില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്നപേക്ഷിക്കുന്നതും പ്രാര്‍ത്ഥന. അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം.'' - വൈക്കം മുഹമ്മദ് ബഷീര്‍

തലയോലപ്പറമ്പെന്ന കൊച്ചു ഗ്രാമത്തെ വിശ്വസാഹിത്യത്തോളം വളര്‍ത്തിയത് ജീവിതത്തെത്തന്നെ പ്രാര്‍ത്ഥനയായിക്കണ്ട ബഷീര്‍ എന്ന വന്‍മരമാണെന്ന് നിസ്സംശയം പറയാം. ജീവിതവും സാഹിത്യവും തമ്മിലുള്ള അകലവും ജീവിതഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലവും ഇല്ലാതാക്കിയ എഴുത്തുകാരന്‍. പുതിയ പദാവലികളും ശൈലികളും മലയാളത്തിന് സമ്മാനിച്ച മഹാപ്രതിഭ. ബഷീര്‍ മലയാളമനസ്സിന്റെ ഭാഗംതന്നെയാണ്. ബഷീര്‍കൃതികള്‍ വായിക്കാത്തവര്‍ പോലും ആ കഥാപാത്രങ്ങളേയും കഥാപ്രപഞ്ചത്തേയും അറിയുന്നു. തന്റെ കൃതികളെക്കാള്‍ വലുതായ ആ വ്യക്തിമഹത്വം തിരിച്ചറിയുന്നു.

Jun 19, 2016

കാളിദാസന്‍ - ജീവിതവും കൃതികളും

 

 
     വിശ്വമഹാകവി കാളിദാസനെ പരിചയപ്പെടുത്തുന്ന പാഠമാണ് പത്താം തരം കേരളപാഠാവലിയിലുള്ള 'കാളിദാസന്‍'.  കാളിദാസനെ അടുത്തറിയുന്നതിനും അദ്ദേഹത്തിന്റെ കൃതികള്‍ ആസ്വദിക്കുന്നതിനും ഉതകുന്ന പഠനപ്രവര്‍ത്തനങ്ങളാണ് ഈ പാഠഭാഗത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും വിധം കാളിദാസന്റെ ജീവിതവും കൃതികളും  ഒരു ഡിജിറ്റല്‍ നോട്ടുബുക്കായി താഴെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യിലെ 'കാളിദാസന്‍' എന്ന അദ്ധ്യായമാണ് മുഖ്യ ഉള്ളടക്കം. കാളിദാസകളെക്കുറിച്ച് മലയാള വിക്കിപീഡിയയിലും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളാണ് ഈ ഡിജിറ്റല്‍ നോട്ടുബുക്കില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. ഈ കുറിപ്പ് എല്ലാവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു.

Jun 14, 2016

കാലാതീതം കാവ്യവിസ്മയം - യൂണിറ്റ് സമഗ്രാസൂത്രണം


കാലദേശാതീതമായ കാവ്യഭാവനയെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന യുണിറ്റാണ് 'കാലാതീതം കാവ്യവിസ്മയം'. യൂണിറ്റ് സമഗ്രാസൂത്രണത്തിന്റെ അടിസ്ഥാനം സാധാരണയായി അദ്ധ്യാപകസഹായിയാണ് (ടീച്ചര്‍ ടെക്സ്റ്റ്). ഈ അദ്ധ്യയനവര്‍ഷം പുതിയ അദ്ധ്യാപകസഹായി നമ്മുടെ കൈയ്യിലെത്താന്‍ അല്പം വൈകിയോ എന്നൊരു സംശയമുണ്ട്. എന്തായാലും പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളും അദ്ധ്യാപകസഹായിയിലെ പഠനപ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് ഒരു യൂണിറ്റ് സമഗ്രാസൂത്രണം തയ്യാറാക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. എല്ലാ മലയാള അദ്ധ്യാപക സുഹൃത്തുക്കളുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.